bar bribery; vigilance case against K babu

തിരുവനന്തപുരം: ബാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരിലേക്കും വിജിലന്‍സ് അന്വേഷണം നീളുന്നു.

ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ കേസില്‍ മുന്‍മന്ത്രി ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘത്തിന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇതില്‍ എറണാകുളത്തും പുറത്തുമുള്ള ബിനാമി സ്വത്തുക്കള്‍, ആശുപത്രി,സ്റ്റീല്‍ കമ്പനി എന്നിവയിലെ പങ്കാളിത്വം, തേനിയിലെ 120 ഏക്കര്‍ തോട്ടം, ആഡംബര വാഹനങ്ങള്‍ തുടങ്ങിയവ പെടുന്നു.

പുറത്ത് വന്നതിലും കൂടുതല്‍ അഴിമതി അണിയറയില്‍ നടന്നിട്ടുണ്ടെന്നും ഇതിന്റെ പങ്ക് കഴിഞ്ഞ സര്‍ക്കാരിലെ ഉന്നതര്‍ക്കടക്കം ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

നേരത്തെ ബാര്‍കോഴ കേസില്‍ ആരോപണവുമായി രംഗത്ത് വന്ന ബാറുടമ ബിജു രമേശ് മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രി സഭയിലെ ബഹുഭൂരിപക്ഷം മന്ത്രിമാരും അഴിമതി പണം കൈപ്പറ്റിയതായി ആരോപിച്ചിരുന്നു.

മന്ത്രി സഭയുടെ തലവനെന്ന് നിലയില്‍ മുഖ്യമന്ത്രി അറിയാതെ എക്‌സൈസ് വകുപ്പില്‍ ഒരു തീരുമാനമെടുക്കാന്‍ ബാബുവിന് കഴിയില്ലെന്നിരിക്കെ അന്വേഷണം യുഡിഎഫ് മന്ത്രിസഭയിലെ ഉന്നതരിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

നിലവില്‍ കെ.എം മാണിക്കെതിരെ സമാനമായ രീതിയില്‍ നടക്കുന്ന അന്വേഷണത്തിലെ വിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ ഇടപാടുകളും അന്വേഷിക്കും.

ബാബുവിനെയും മാണിയെയും ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ചോദ്യം ചെയ്യും.

റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെയും മെത്രാന്‍ കായല്‍ നികത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ വിജിലന്‍സ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍ , വികെ ഇബ്രാഹിം കുഞ്ഞ്, അനുപ് ജേക്കബ്, എം.കെ മുനീര്‍ തുടങ്ങിയവരാണ് അന്വേഷണം നേരിടുന്ന മറ്റ് മുന്‍മന്ത്രിമാര്‍.

ഇവരുടെയെല്ലാം സ്വത്തുവകകളും ആസ്തിയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത് യുഡിഎഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

യുഡിഎഫ് ഭരണകാലത്ത് തങ്ങള്‍ വേട്ടയാടിയ ജേക്കബ് തോമസിന്റെ അടുത്ത് നിന്ന് ഒരു പരിഗണനയും യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനാവട്ടെ അഴിമതിക്കേസായതിനാല്‍ കാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയാണ്. വിജിലന്‍സ് ഈ പോക്ക് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ്സിനകത്ത് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും.

ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെതിരെ കെപിസിസി പ്രസിഡന്റ് അല്ല മറിച്ച് വൈസ് പ്രസിഡന്റ് എംഎം ഹസനാണ് രംഗത്ത് വന്നിരുന്നതെന്നതും ശ്രദ്ധേയമാണ്.

വിജിലന്‍സ് ഡയറക്ടര്‍ യുഡിഎഫ് നേതാക്കളെ വേട്ടയാടുകയാണെന്നാണ് ഹസന്റെ ആരോപണം.

എന്നാല്‍ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യാനാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും അഴിമതിക്കെതിരായ സര്‍ക്കാരിന്റെ നയമാണ് താന്‍ നടപ്പാക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Top