Bar case: K Babu

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ത്വരിത അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി വിജിലന്‍സ് ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതല്‍ സമയം ചോദിക്കുന്ന വിജിലന്‍സ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു.

ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു

അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലന്‍സ് മറുപടി നല്‍കി. അതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്നും കോടതി ചോദിച്ചു.

വിജിലന്‍സിന് ആത്ഥമാര്‍ത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കില്‍ ത്വരിത അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലന്‍സ് വെറുതെ ഇരിക്കുകയാണ്. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.

Top