bar case , k.m mani

കോട്ടയം: ബാര്‍ കോഴക്കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ.എം. മാണി. ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്. സത്യം ഉടന്‍ പുറത്തുവരുമെന്നും മാണി പറഞ്ഞു. ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന എസ്പി ആര്‍.സുകേശനെതിരെ ക്രൈം ബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായി ഇന്നു വെളിപ്പെട്ടിരുന്നു. കെ.എം.മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ടാണ് പരിഗണിക്കാതിരുന്നത്.

അന്വേഷണത്തിലും നടപടികളും ഗൂഢാലോചന ഉണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും രാജിവയ്ക്കുംവരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ ആഭ്യന്തരമന്ത്രിക്കും അദ്ദേഹത്തിന്റെ അതേ ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യമന്ത്രിക്കുമെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പഴയ റിപ്പോര്‍ട്ട് പുറത്തായി.

ബിജു രമേശുമായുള്ള ബന്ധത്തിന്റെ പേരില്‍ എസ്പി ആര്‍.സുകേശനെതിരെ വിജിലന്‍സ് എഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് ഈമാസം ആദ്യമാണ്. എന്നാല്‍ ഇതേ വസ്തുതകള്‍ നിരത്തി കൃത്യം ഒരുവര്‍ഷം മുമ്പ് സുകേശനെതിരെ ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാണിക്കെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നപ്പോഴൊന്നും എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.

ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന ഐ ഗ്രൂപ്പിന്റെ നിലപാടുകളില്‍ മാണിക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഒടുവില്‍ ആഭ്യന്തരമന്ത്രിക്കും അതേ ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യമന്ത്രിക്കുമെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പഴയ റിപ്പോര്‍ട്ട് പുറത്തായി.

ഈമാസം 16 ന് ബാര്‍ കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്. അന്ന് അനുകൂല തീരുമാനമോ പരാമര്‍ശങ്ങളോ ഉണ്ടായാല്‍ കെ.എം.മാണി തിരിച്ചടി തുടങ്ങിയേക്കും. അത് ഏത് വിധത്തിലായിരിക്കും എന്ന യുഡിഎഫ് നേതൃത്വത്തിന്റെ ആശങ്ക കൂടിയാണ് ഇപ്പോള്‍ ആദ്യറിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ വ്യക്തമാകുന്നത്.

Top