അഗര്‍ത്തല : കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് സിപിഎം കെട്ടിച്ചമച്ചതാണെന്ന യുഡിഎഫ് നിലപാട് ശരിവയ്ക്കുന്നതാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണം. സിപിഎം ഗൂഢാലോചനയെന്ന യുഡിഎഫ് നിലപാട് ശരിയെന്നു തെളിഞ്ഞിരിക്കുന്നു, ഇനിയും ഒരുപാടു വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ അത് അവസാനിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി തെറ്റുചെയ്തിട്ടില്ല എന്നാണ് അന്നും ഇന്നും വിശ്വസിക്കുന്നത്. രാജി സ്വീകരിച്ചതു ഹൈക്കോടതി പരാമര്‍ശം ഉണ്ടായതുകൊണ്ടുമാത്രമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കെഎം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്നു സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായായിരുന്നു ബിജു രമേശ് പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു തന്നെയാണ് ഉറപ്പുനല്‍കിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു ജയിച്ചതോടെ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് വിശദീകരിച്ചിരുന്നു.