തിരുവനന്തപുരം: അവസരവാദിയായ എസ്പി സുകേശന്റെ ‘സത്യസന്ധത ‘ യല്ല മറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മുഖം നോക്കാതെയുള്ള നടപടിയാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണമുന്നയിക്കാന്‍ സുകേശനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
കെ എം മാണിയെ കുറ്റ വിമുക്തനാക്കി ബാര്‍കോഴ കേസില്‍ സുകേശന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഇതിനകത്ത് കൃത്രിമം നടന്നതായി ബോധ്യപ്പെട്ടിരുന്നു.
ഇക്കാര്യങ്ങള്‍ പുന:പരിശോധനക്ക് വിധേയമാക്കിയതോടെ കുരുങ്ങുമെന്ന് കണ്ടാണ് സുകേശന്‍ മലക്കം മറിഞ്ഞ് മുന്‍ വിജിലന്‍സ് ഡയറക്ടറെ പ്രതിക്കൂട്ടിലാക്കി കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണ് അറിയുന്നത്.
കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം കാട്ടി തെളിവുകള്‍ തിരസ്‌കരിച്ചുവെന്നാണ് സുകേശന്റെ പ്രധാന ആരോപണം.
കെഎം മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് അംഗീകരിച്ചില്ലെന്നും സമ്മര്‍ദ്ദം മൂലം അന്വേഷണം കൃത്യമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സുകേശന്റെ മറ്റ് വാദങ്ങള്‍.
ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി കെഎം മാണിയെ കുറ്റ വിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ സുകേശന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമാന്യ യുക്തിക്ക് നിരക്കാത്തതാണ് ഇപ്പോഴത്തെ സുകേശന്റെ വാദങ്ങള്‍ എന്നാണ് നിയമ വിദഗ്ധര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
വിജിലന്‍സിനെ പോലെ സ്വതന്ത്ര അധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഏത് റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥനായാലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമാണ് പ്രസക്തിയെന്നും ശങ്കര്‍ റെഡ്ഡി ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയിരുന്നെങ്കില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ തന്നെ കോടതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തണമായിരുന്നുവെന്നുമാണ് നിയമ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നത്.
ഇനി അതൊന്നുമല്ലെങ്കിലും അന്വേഷണത്തിലെ നിഗമനങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ടായി സുകേശന് നല്‍കാമായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ എന്ത് കൃത്രിമം കാട്ടിയാലും അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് കോടതി മുഖവിലക്കെടുക്കുക എന്നതിനാല്‍ ആ വഴി സുകേശന്‍ സ്വീകരിക്കാതിരുന്നതിലും ദുരൂഹത പ്രകടമാണ്.
മാത്രമല്ല തന്റെ കണ്ടെത്തലുകള്‍ക്കപ്പുറം വിജിലന്‍സ് ഡയറക്ടറുടെ ‘ താല്‍പര്യ ‘ങ്ങള്‍ക്ക് വഴങ്ങി കൊടുക്കുകയാണ് സുകേശന്‍ ചെയ്തതെങ്കില്‍ പിന്നെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് എന്ന് എങ്ങനെ സുകേശനെ കരുതുമെന്നാണ് നിയമ വിദഗ്ധരുടെ ചോദ്യം.
വിജിലന്‍സില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡയറക്ടര്‍ പരിശോധിക്കുകയും നിയമോപദേശം തേടിയശേഷം കോടതിയില്‍ സമര്‍പ്പിക്കുന്നതുമെല്ലാം സാധാരണ നടപടി ക്രമങ്ങളാണ് .
അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ കണ്ടെത്തലുകളില്‍ സത്യസന്ധമായി ഉറച്ച് നിന്നാല്‍ പിന്നെ ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പോലും പരിമിതിയുണ്ടാവും എന്നതാണ് യാഥാര്‍ത്ഥ്യം.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ താന്‍ കാണിച്ച ക്രമക്കേട് പുതിയ വിജിലന്‍സ് ഡയറക്ടര്‍ കണ്ടെത്തിയതും നടപടിയുണ്ടാവുമെന്ന് പേടിച്ചുമാണ് ഇപ്പോഴത്തെ സുകേശന്റെ മലക്കം മറിച്ചിലെന്നാണ് പുറത്ത് വരുന്ന വിവരം.
വിശ്വാസ്യത നഷ്ടപ്പെട്ട സുകേശനില്‍ നിന്ന് ബാര്‍കോഴ കേസിലെ തുടരന്വേഷണം ഇതിനിടെ ജേക്കബ് തോമസ് ഇടപെട്ട് ഒഴിവാക്കി.ഡിവൈഎസ്പി നജ്മല്‍ ഹസന്‍ ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.