bar case-vigilance enquiry-Benny Behanan

കൊച്ചി :ബാര്‍ കോഴക്കേസില്‍ അന്വേഷണം കോണ്‍ഗ്രസ്സ് നേതാക്കളിലേക്ക് നീങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കെ.ബാബുവില്‍ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോള്‍ ബെന്നി ബെഹന്നാനിലേക്ക് കേന്ദ്രീകരിക്കുന്നതായാണ് വിവരം. എപ്പോഴും ബാബുവിനെ രക്ഷിക്കാന്‍ കൂടെ നിന്നിരുന്ന ആള്‍ എന്ന നിലയ്ക്കാണ് ബെന്നിയുടെ ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിട്ടുള്ളത്.

ബെന്നിയുടെ ഇടപാടുകള്‍ അന്വേഷിക്കണമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

യുഡിഎഫ് ഭരണകാലത്തു തന്നെ ബെന്നി ബെഹന്നാന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍, പരാതികള്‍ എല്ലാം തന്നെ പൂഴ്ത്തിവച്ചു. ഈ പരാതികളിലാണ് ഇപ്പോള്‍ വീണ്ടും പരിശോധന ആരംഭിച്ചിട്ടുള്ളത്. കെ.ബാബുവിന്റെ അടുത്ത അനുയായിയാണ് പാര്‍ട്ടിയില്‍ ബെന്നി. ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനുമാണ്.

അതേസമയം, കെ.ബാബുവിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാനാണ് വിജിലന്‍സ് ആലോചിക്കുന്നത്. മൂത്തമകളുടെ തൊടുപുഴയിലെ വസതിയിലുള്ള ലോക്കര്‍ ഇപ്പോള്‍ തുറന്നു പരിശോധിക്കുകയാണ്. തൊടുപുഴയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ലോക്കര്‍ ആണ് തുറന്നു പരിശോധിക്കുന്നത്. മകളുടെ തന്നെ രണ്ടാമത്തെ ലോക്കറും പരിശോധിക്കും. തുടര്‍ന്ന് ബാബുവിന്റെ തൃപ്പൂണിത്തുറയിലെ ലോക്കറും പരിശോധിക്കുന്നുണ്ട്.

Top