തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു, പൂട്ടുന്ന ബാറുകളുടെ പട്ടിക തിരുത്തിയതായി വിജിലന്‍സ്.
ബാര്‍ ലൈസന്‍സ് നല്‍കുന്നതിലും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകള്‍ പൂട്ടുന്നതിലും എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബു അവിഹിതമായി ഇടപെട്ടെന്ന് വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കെ.എസ്.ബി.സി. നല്‍കിയ പട്ടിക പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയാണ് മന്ത്രിയായിരുന്ന ബാബു തിരുത്തിയത്. ബാബുവിന്റെ പേഴ്‌സണല്‍ സെക്രട്ടറി സുരേഷും പട്ടിക തിരുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ ബാബു പട്ടിക തിരുത്തിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 100 ബിയര്‍ പാര്‍ലറുകളും 93 ബാര്‍ ലൈസന്‍സുകളും അനുവദിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള അബ്കാരി നയങ്ങളും നിയമങ്ങളും മറികടന്ന് കെ. ബാബു സ്വന്തം താല്പര്യപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍.
ബാര്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള എക്‌സൈസ് കമ്മിഷണര്‍ക്കുള്ള അധികാരം മന്ത്രിയില്‍ നിക്ഷിപ്തമാക്കിയത് അഴിമതി നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വിഭാഗം ബാര്‍ ഉടമകളെ സഹായിക്കാന്‍ മാനദണ്ഡങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്ലറ മദ്യവില്പനശാലകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.
പുതിയ ബാര്‍ ലൈസന്‍സുകള്‍ക്കായി ലഭിച്ച അപേക്ഷകളില്‍ വിവേചനപരമായ തീരുമാനമെടുത്തു. ചില അപേക്ഷകളില്‍ ഒറ്റദിവസം കൊണ്ട് തീര്‍പ്പുകല്‍പിച്ചപ്പോള്‍ വേറെ ചിലത് മാസങ്ങളോളം വൈകിപ്പിച്ചു. അനന്തമായി നീട്ടിവച്ച ഫയലുകളില്‍ തീരുമാനമെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല.
സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മാനദണ്ഡങ്ങള്‍ മന്ത്രി മറികടന്നു എന്നതിന്റെ തെളിവായാണ് ഇക്കാര്യങ്ങള്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്.
കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് മുന്‍ മന്ത്രി കെ. ബാബുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ളത്.