കോട്ടയം: ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം. മാണി. അതേസമയം കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്ന നിലപാട് മാണി ആവര്‍ത്തിച്ചു.
എന്റെ രഷ്ട്രീയ നിലപാടുകളോടുള്ള അസഹിഷ്ണുതയാണ് കേസിനു പിന്നില്‍. ഏത് അന്വേഷണവും നടക്കട്ടെ. ആരോടും വിരോധമില്ല മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം കേസ് അന്വേഷിച്ച് വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരെ മാണി രൂക്ഷ വിമര്‍ശമുന്നയിച്ചു. കുറ്റക്കാരനെന്ന് ആദ്യം റിപ്പോര്‍ട്ടു നല്‍കിയ ഉദ്യോഗസ്ഥന്‍ തന്നെ പുന:രന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നു പറഞ്ഞ മാണി, സുകേശന്‍ മന:സ്സാക്ഷിയില്ലാത്ത ആളാണെന്നും കൂട്ടിച്ചേര്‍ത്തു.
ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢി അട്ടിമറിച്ചെന്ന, കേസ് അന്വേഷിച്ച ആര്‍ സുകേശന്റെ ഹര്‍ജിയിലാണ് നടപടി.
അടച്ച ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തുകയും മാണിക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ എസ്.പി. സുകേശനെ കേസ് അന്വേഷണം ഏല്‍പിച്ചു.
ഇതേത്തുടര്‍ന്ന് സുകേശന്‍ തന്നെ പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഒന്ന് മാണിയെ പ്രതിയാക്കാമെന്നും മറ്റൊന്ന് മാണിയെ കുറ്റവിമുക്തനാക്കുന്നതുമായിരുന്നു.
മാണിയെ കുറ്റവിമുക്തനാക്കിയ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് അന്നത്തെ വിജിലന്‍സ് ഡയറക് ടര്‍ എന്‍.ശങ്കര്‍റെഡ്ഡി ഇടപെട്ട് കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം വരുത്തിയതിനാലാണെന്ന് ചൂണ്ടിക്കാട്ടി സുകേശന്‍ ഇപ്പോള്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ആ ഹര്‍ജിയിലാണ് മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.