കൊച്ചി : ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാനെതിരെ ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നു. ബാർ കൗൺസിൽ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാൻ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകി.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ യുട്യൂബ് ചാനലിൽ പരാമർശം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരായ ഒരു പരാതി കേരളാ ബാർ കൗൺസിൽ തളളി. ചേരനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ആരോപണത്തിലാണ് സൈബിയ്ക്കെതിരെ നടപടി വേണ്ടെന്ന് ബാർ കൗണസിൽ തീരുമാനിച്ചത്. 2013ൽ നടന്നതായി പറയുന്ന കേസിൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സൈബി ബാർ കൗൺസിലിന് വിശദീകരണം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. ഭാര്യ നൽകിയ കേസ് ഒത്തുതീർപ്പാക്കാനായി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് ചേരാനല്ലൂർ പൊലീസ് കേസ് എടുത്തത്. ജഡ്ജി മാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന കേസിലും സൈബിയ്ക്കെതിരെ കേസും ആരോപണവും നിലവിലുണ്ട്.