മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.
ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്. 2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ആരോപണം.
ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു.
വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍ നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി.
2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.