ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ആര്‍എസ്എസ്-ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. അരനൂറ്റാണ്ട് പഴക്കമുള്ള നിയമം റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 1966ല്‍ ഏര്‍പ്പെടുത്തിയ നിയമമാണ് കേന്ദ്രം റദ്ദാക്കാന്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനോ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനോ അല്ലെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം സമര്‍പിക്കണമെന്നായിരുന്നു നിയമം. ആര്‍എസ്എസ് സാംസ്‌കാരിക സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
യുക്തിരഹിതമായ നിയമം എന്നാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിച്ചത്. ഇക്കഴിഞ്ഞ കാലങ്ങളില്‍ ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിച്ചതായും ഒരു രാഷ്ട്രീയ ഇതര സംഘടനയായി മാറിയതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യം മുന്‍നിര്‍ത്തി തന്നെയാകും ആര്‍എസ്എസിനുള്ള വിലക്ക് നീക്കാന്‍ കേന്ദ്രം തയ്യാറാകുക. ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം ഒന്നും പുറത്തിറക്കിയിട്ടില്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ താന്‍ ആര്‍എസ്എസ് ആണോ അല്ലയോ എന്നു തെളിയിക്കേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് 1966ല്‍ ആദ്യമായി നിയമം പാസാക്കിയത്. 1975, 1980 വര്‍ഷങ്ങളില്‍ നിയമം പുതുക്കി പുനഃസ്ഥാപിച്ചു. ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു ഇത്. നിയമപ്രകാരം ആര്‍എസ്എസ്-ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നില്ല.