BAR SCAM :more evidence-ex vigilance directors-out

തിരുവനന്തപുരം :ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇടപെട്ടതിനു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരായ വിന്‍സണ്‍ എം പോളും എന്‍.ശങ്കര്‍ റെഡ്ഡിയും ഇടപെട്ടതിന്റെ തെളിവുകളാണ് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

അന്വേഷണോദ്യോഗസ്ഥനായിരുന്ന എസ്പി സുകേശന്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ഉള്ളത്. സുകേശന്റെ മറുപടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കോടതിയില്‍ സമര്‍പ്പിച്ചു.

കേസ് അട്ടിമറിക്കാന്‍ ശങ്കര്‍റെഡ്ഢിയും വിന്‍സണ്‍ എം പോളും സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സുകേശന്‍ രേഖാമൂലം മറുപടി നല്‍കിയത്.

മാണിക്കും ബാബുവിനുമെതിരായ തെളിവുകള്‍ അട്ടിമറിക്കാന്‍ ശങ്കര്‍റെഡ്ഡിയും വിന്‍സണ്‍ എം പോളും ഇടപെട്ടെന്നു തെളിയിക്കുന്നതാണ് ഇത്.

മാണിക്കെതിരെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മാണിയെ രക്ഷിക്കാന്‍ ഇടപെട്ടെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചിറയാണ് ഹര്‍ജി നല്‍കിയത്.ഹര്‍ജിയില്‍ ഇരുവര്‍ക്കുമെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇതോടെയാണ് ഇപ്പോഴത്തെ കേസിലും അന്വേഷണോദ്യോഗസ്ഥനായ സുകേശനോടു രേഖാമൂലം മറുപടി നല്‍കാന്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് സുകേശന്‍ രേഖാമൂലം മറുപടി നല്‍കിയത്.

സുകേശന്റെ കേസ് ഡയറില്‍ മേലുദ്യോഗസ്ഥനായ ശങ്കര്‍റെഡ്ഡി ഇടപെട്ടിരുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിനിടെ ലഭിച്ച പ്രധാന തെളിവുകള്‍ അട്ടിമറിക്കുന്നതിനായി 2015 ഫെബ്രുവരിയിലും മാര്‍ച്ചിലും 2016 ജനുവരി ആറ്, പതിനൊന്ന് എന്നീ തീയതികളിലും ശങ്കര്‍റെഡ്ഡി കീഴുദ്യോഗസ്ഥന് നാല് കത്തുകള്‍ നല്‍കിയിരുന്നു.

കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങള്‍ അട്ടിമറിക്കുന്നതിനായി കേസിലെ ദൃക്‌സാക്ഷിയായ അമ്പിളിയുടെ മൊഴി അവഗണിക്കാന്‍ ശങ്കര്‍റെഡ്ഡി സുകേശന് നിര്‍ദ്ദേശം നല്‍കിയതിലും ദൂരൂഹതയുണ്ട്.

Top