തിരുവനന്തപുരം: ബാര്‍ കോഴകേസ് അട്ടിമറിക്ക് തെളിവായി വിജിലന്‍സ് റിപ്പോര്‍ട്ട്. കോടതിയില്‍ എത്തിയത് താന്‍ തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ടല്ലെന്ന് വ്യക്തമാക്കുന്ന സുകേശന്റെ മൊഴി പുറത്തുവന്നു.
തന്റെ റിപ്പോര്‍ട്ടിന് പകരം കോടതിയിലെത്തിയത് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി പെന്‍ ഡ്രൈവിലാക്കിയ റിപ്പോര്‍ട്ടാണെന്ന് സുകേശന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യം പരിഗണിക്കാതെയാണ് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സൂചന.
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ കേസ് ഡയറി തിരുത്തിയെന്നതിന് തെളിവില്ലെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടുപിന്നാലെയാണ് കേസില്‍ സുകേശന്‍ നല്‍കിയ മൊഴി പുറത്തുവന്നത്. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.