Bar-scam-vigilance-

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് കേസ് പുനരന്വേഷിക്കുന്നതില്‍ വിജിലന്‍സ് നിയമോപദേശം തേടി. പുനരന്വേഷിക്കുന്നതില്‍ നിയമപരമായി സാധ്യതയുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി. ശശീന്ദ്രനെ മാറ്റിനിര്‍ത്തി സ്വന്തം നിലയിലാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. ബാര്‍ കോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം.

കോഴ കേസില്‍ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശന്‍ രണ്ടാം തവണ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. രണ്ടു തവണയായി മാണിക്ക് പണം നല്‍കിയെന്ന് ബാറുടമ ബിജു രമേശ് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ 50 ലക്ഷം രൂപ നല്‍കിയെന്ന മൊഴിയിലും മാണിയുടെ സ്വത്ത് വിവരത്തെ കുറിച്ചും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റമുക്തനാക്കി രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിജിലന്‍സ് ഡയറക്‌റുടെ നിഗമനം. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പരിശോധിക്കുകയാണ് വിജിലന്‍സ് ചെയ്യുന്നത്. നിലവിലെ റിപ്പോര്‍ട്ട് തള്ളി കളയണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, വി. മുരളീധരന്‍ അടക്കമുള്ളവര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

Top