തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ആരോപണത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചത് നിയമോപദേശം തേടാതെ.
മന്ത്രിക്ക് അനുകൂലമായിരുന്നു റിപ്പോര്‍ട്ട്. കെ.എം മാണിക്കെതിരെയുള്ള കോഴ ആരോപണത്തില്‍ അന്വേഷണം നടന്നപ്പോള്‍ രണ്ട് പേരില്‍ നിന്നാണ് നിയമോപദേശം തേടിയത്. ബാബുവിന്റെ കേസില്‍ നിയമോപദേശം തേടാതെ വിജിലന്‍സ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ പ്രത്യേക ശുപാര്‍ശയില്ലാത്തത് കൊണ്ടാണ് നിയമോപദേശം തേടാതിരുന്നതെന്നാണ് വിജിലന്‍സിന്റെ ന്യായീകരണം.
ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനു വേണ്ടി മന്ത്രി ബാബുവിന് 50 ലക്ഷം രൂപ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. ഇതിന് രാജ്കുമാര്‍ ഉണ്ണിയും തന്റെ മാനേജര്‍ രാധാകൃഷ്ണനും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുഹമ്മദ് റസീഫും സാക്ഷികളാണെന്നും മൊഴിയില്‍ പറയുന്നു.
പരാതിക്കാരനായ ബിജു രമേശിന്റെയടക്കം അഞ്ച് സാക്ഷി മൊഴികള്‍ ബാബുവിനെതിരായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിര്‍ദേശത്തോടെയുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എം.എന്‍ രമേശ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍. എം. പോളിന് കൈമാറിയത്.
മന്ത്രിക്കെതിരായ കോഴ ആരോപണമെന്ന പശ്ചാത്തലത്തില്‍ വിവാദമായ കേസാണെന്ന വസ്തുത നിലനില്‍ക്കെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് നിയമോപദേശം തേടണം. ഈ നടപടിക്രമം കെ. ബാബുവിനെതിരായ അന്വേഷണത്തില്‍ നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.