കൊച്ചി: ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ഉച്ചക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും
കെ. ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഇന്നു രാവിലെ പരിഗണിക്കുന്നതിനിടെ ഈ വിഷയം അഡ്വക്കേറ്റ് ജനറല്‍ ഡിവിഷന്‍ ബെഞ്ചിന്റെ മുന്നില്‍ ഉന്നയിച്ചു.
എന്നാല്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിലവിലുള്ള ഹര്‍ജിയുടെ ഭാഗമായി ഈ വിഷയം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി എ.ജിയുടെ ആവശ്യം തള്ളി.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു സ്റ്റേ ചെയ്യണമെന്ന എ.ജിയുടെ ആവശ്യം മറ്റൊരു ഹര്‍ജിയായി നടപടിക്രമങ്ങള്‍ പാലിച്ച് സമര്‍പ്പിച്ചാല്‍ അടുത്ത ദിവസം പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ കണക്കിലെടുത്ത് ഹര്‍ജി സമര്‍പ്പിച്ചാല്‍ ഇന്നുച്ചയ്ക്ക് പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് കെ. ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ രാജി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ച് രാജി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.