തിരുവനന്തപുരം: സിപിഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി ബാലകൃഷ്ണനെയോ താന്‍ പോയി കണ്ടിട്ടോ ഗൂഢാലോചന നടത്തിയിട്ടോ ഇല്ല.
ഡിസംബര്‍ 15ന് താന്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടിട്ടില്ല. ഒരിക്കല്‍ മാത്രമാണ് കോടിയേരിയെ കണ്ടിട്ടുള്ളത്. അച്ഛന്‍ മരിച്ച സമയത്തായിരുന്നു. ആ സമയം താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മാത്രമാണ് പുറത്തു പോയിരുന്നത്. ആ താന്‍ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാകുമെന്നും ബിജു രമേശ് ചോദിച്ചു.
പിന്നീട് കോടിയേരി ബാലകൃഷ്ണനെ കണ്ടിട്ടുണ്ട്. ബാര്‍ തുറക്കാമെന്ന യാതൊരു ഉറപ്പും കോടിയേരി നല്‍കിയിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിശ്വാസ്യത ഉണ്ടാകണമെന്നും തനിക്കൊപ്പം മറ്റു ബാറുടമകളും പറഞ്ഞാല്‍ മാത്രമേ കേസ് തെളിയൂ എന്നും പറഞ്ഞിരുന്നു.
ആരോപണങ്ങള്‍ വിശ്വാസപൂര്‍വം തെളിയിക്കപ്പെട്ടാല്‍ ബാര്‍ തുറക്കുന്ന കാര്യം പരിഗണിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. ബാബു ഗൂഢാലോചന നടത്തിയെന്ന് തെളിയിച്ചാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കാമെന്നും ബിജു രമേശ് പറഞ്ഞു.
22 കോടി രൂപ ആര്‍ക്കൊക്കെ കൊടുത്തെന്ന് സുകേശനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പേരുകള്‍ പുറത്തു പറയാന്‍ തനിക്കു പേടിയാണ്. അത് തെളിയിക്കപ്പെട്ടില്ലെങ്കില്‍ പിന്നീട് തനിക്കെതിരെ കള്ളക്കേസു കൊടുക്കും. ഇപ്പോള്‍ തന്നെ ബാബു തനിക്കെതിരെ രണ്ടു ക്രിമിനല്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്. പോളക്കുളം കൃഷ്ണദാസിന്റെ പിആര്‍ഒ ആയിരുന്നു ബാബുവെന്നും ബിജു ആരോപിച്ചു