ബ്യൂണസ് അയേസ്: കരിമരുന്ന് സൂക്ഷിച്ച ബെല്‍റ്റുമായി റേഡിയോ സ്‌റ്റേഷനില്‍ കയറി അതുപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ അര്‍ജന്റീന പൊലീസ് അറസ്റ്റു ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകനായ കാര്‍ലോസ് ആല്‍ബര്‍ട്ടോ സെര്‍ബാലി എന്ന ആളെയാണ് സര്‍ക്കാര്‍ നടത്തുന്ന റേഡിയോ നാസിണലില്‍ കയറി ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു.
ഇന്നലെ ആയിരുന്നു സംഭവം. അര്‍ജന്റീനയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ബല്‍ജീയം ആക്രമണത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
കാര്‍ലോസ് ഭീഷണി നടത്തിയ റേഡിയോ സ്‌റ്റേഷന്‍ ഒബാമയും അര്‍ജന്റീന പ്രസിഡന്റ് മൗറീഷിയോ മാസ്‌റിയും കൂടിക്കാഴ്ച നടത്തിയ കൊട്ടാരത്തില്‍ നിന്നും ഒരു മൈല്‍ മാത്രം അകലെയാണ്.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇതിനു പിന്നില്‍ ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധമുണ്ടാവില്ല എന്നാണ് കരുതുന്നതെന്നും അര്‍ജന്റീനയുടെ സുരക്ഷാ മന്ത്രി പട്രീഷ്യ ബുള്‍റിച്ച് സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.