ടോക്കിയോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയില്‍ നടത്തിയ അണുബോംബ് സ്‌ഫോടനത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുദ്ധം നടക്കുന്ന സമയത്ത് നേതാക്കള്‍ ഇത്തരത്തിലുള്ള പല തീരുമാനങ്ങളുമെടുക്കാറുണ്ട്. അതില്‍ മാപ്പു പറയേണ്ട സാഹചര്യങ്ങളൊന്നും ഇല്ലെന്നും ഒബാമ പറഞ്ഞു.
ചോദ്യങ്ങള്‍ ചോദിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത് ചരിത്രകാരന്മാരുടെ കടമയാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും എടുക്കേണ്ടത് നേതാക്കളുടെ കടമയാണ്. പ്രത്യേകിച്ചും യുദ്ധത്തിന്റെ സമയത്തെന്നും ഒബാമ ചൂണ്ടിക്കാട്ടി.
1945ല്‍ ഓഗസ്റ്റ് ആറിനാണ് 1,40,000 പേരുടെ മരണത്തിനിടയാക്കിയ അണുബോംബ് സ്‌ഫോടനം ഹിരോഷിമയില്‍ ഉണ്ടാകുന്നത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിലും രണ്ടാമത്തെ അണുബോംബ് വിക്ഷേപിച്ചു. ഇവിടെ 74,000 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനുശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജപ്പാന്‍ ജനതയിലിപ്പോഴും അതിന്റെ ബാക്കിപത്രങ്ങള്‍ ദൃശ്യമാണ്. ഇതിനുശേഷം ഹിരോഷിമ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബറാക് ഒബാമ. ഈയാഴ്ച അവസാനമാണ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം.