വാഷിങ്ടണ്‍: സ്‌കൂളിലെ വെടിവയ്പിനെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ പ്രസിഡന്റ് ഒബാമ ഉള്ളി ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് ആരോപണം. രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്.
തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസംഗത്തിലാണ് ഒബാമ വികാരാധീനനായത്. ആ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും എനിക്കു ഭ്രാന്തു പിടിക്കുന്നതു പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2012ല്‍ യുഎസിലെ സാന്‍ഡി ഹുക്ക് സ്‌കൂളില്‍ നടന്ന വെടിവയ്പിനെ അനുസ്മരിച്ചുള്ള പ്രസംഗമാണ് ഇപ്പോള്‍ വിവാദ വിഷയം. 20 കുട്ടികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഒബാമയുടെ പ്രസംഗത്തെക്കുറിച്ച് ഫോക്‌സ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ നേതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളില്‍ വിശ്വസിക്കാനാവില്ലെന്ന് അവതാരക അന്‍ഡ്രിയ ടാന്‍ടറോസ് പറയുകയായിരുന്നു.
ഒരു കഷ്ണം ഉള്ളിയോ മറ്റെന്തെങ്കിലുമോ കണ്ടെത്താന്‍ ഞാന്‍ വേദിയില്‍ തിരഞ്ഞിരുന്നു. വികരാധീനരായി നേതാക്കള്‍ കരയുകയെന്നത് ഒരിക്കലും വിശ്വസിക്കാനാകുന്ന ഒന്നല്ലെന്നും അവര്‍ പറഞ്ഞു.