വാഷിങ്ടണ്‍: അമേരിക്കയിലെ കോവിഡ് വ്യാപനം ട്രംപ് ഭരണകൂടത്തിന്റെ പരാജയം കാരണമെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.
ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് തിരിച്ചടിച്ചു. അദ്ദേഹം പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നുവെന്നും തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് പറയാന്‍ കഴിയുന്നത് അത്രയേ ഉള്ളൂ’ വൈറ്റ്ഹൗസില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സര്‍വ്വകലാശാല ബിരുദദാന ചടങ്ങില്‍ ഒബാമ കുറ്റപ്പെടുത്തിയിരുന്നു. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
അമേരിക്കയില്‍ എല്ലാം കൈവിട്ട അവസ്ഥയിലാണെന്ന് തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞിരുന്നു. ഭരണകൂടം ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉത്തരവാദപ്പെട്ടവര്‍ സ്വന്തം ചുമതലകള്‍ വഹിച്ചുകൊള്ളുമെന്ന് ഇനിയും വിശ്വസിക്കാനാവില്ലെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ പലരും ഉത്തരവാദപ്പെട്ടയാളാണെന്ന് ഭാവിക്കുന്നുപോലുമില്ലെന്നും ഒബാമ പറഞ്ഞു.
2017 ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം പൊതുരംഗത്ത് വളരെ കുറച്ചുമാത്രമാണ് ഒബാമ പ്രത്യക്ഷപ്പെടുന്നത്. കൊറോണവൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കോവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.