ചട്ടം തെറ്റിച്ച് മൊട്ടയടിക്കുന്നതിന് പണം ; തിരുപ്പതി ക്ഷേത്രത്തിലെ മുടിവെട്ട് ജീവനക്കാരെ പിരിച്ചു വിട്ടു

ഹൈദരാബാദ്: ചട്ടം തെറ്റിച്ച് മുടിവെട്ടുന്നതിന് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങിയതിനെ തുടര്‍ന്ന് തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മുടിവെട്ട് തൊഴിലാളികളെ പിരിച്ചു വിട്ടു .

243 ജീവനക്കാരെയാണ് ക്ഷേത്രത്തിലെ മുടിവെട്ട് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

തിരുമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ മുടി മുറിക്കുന്നതിന് ബാര്‍ബര്‍മാര്‍ പണം ഈടാക്കുന്നുവെന്നായിരുന്നു ആരോപണം.

ഇതേ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് ജോലിയില്‍ നിന്നും പിരിച്ചു വിടുന്നുവെന്ന് കാണിച്ച് ഇവര്‍ക്ക് ക്ഷേത്ര അധികാരികള്‍ നോട്ടീസ് നല്‍കി.

എന്നാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജോലിക്കാര്‍ ക്ഷേത്രം ഭാരവാഹി ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തി.

ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുടിവെട്ടുകാര്‍ പ്രതിഷേധം നടത്തിയത്.

പ്രതിദിനം 60,000-70,000 വരെ തീര്‍ത്ഥാടകരാണ് തിരുമലയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ആഘോഷ-അവധി ദിവസങ്ങളില്‍ ഇത് ഒരു ലക്ഷം വരെ വര്‍ധിക്കും.

തിരുമല വെങ്കിടേശന്റെ ദര്‍ശത്തിനെത്തുന്നതില്‍ 70% പേരും മുടി മൊട്ടയടിച്ചു കൊണ്ടാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക. തീര്‍ത്ഥാടകരില്‍ പലരും മുടി മുറിക്കാമെന്ന നേര്‍ച്ചയോടു കൂടിയാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

തിരുമല ക്ഷേത്രത്തില്‍ 943 തൊഴിലാളികളാണ് മുടിവെട്ട് ജീവനക്കാരായി ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും കരാര്‍ തൊഴിലാളികളാണ്.

ക്ഷേത്രത്തിന് സമീപം കല്ല്യാണ്‍ കട്ടയില്‍ 24 മണിക്കൂറും മുടിവെട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്കു വേണ്ടി സൗജന്യ നിരക്കിലാണ് മുടി മുറിച്ചു നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുടിവെട്ടു ജീവനക്കാര്‍ പണം ഈടാക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നുണ്ട്.

പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് തീര്‍ത്ഥാടകരില്‍ നിന്നും ഇവര്‍ ഈടാക്കുന്നത്. പണം വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ ക്ഷേത്രം ഭരണസമിതി നടപടി സ്വീകരിച്ചത്.

കല്ല്യാണ്‍ കട്ടയിലെ സിസിടിവി ദൃശ്യങ്ങടക്കം ക്ഷേത്രം ഭരണസമിതി എക്‌സിക്യൂട്ടീവ്, വിജിലന്‍സ് സംഘവും പരിശോധിച്ചു.

പണം വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

നടപടി നേരിട്ട ജീവനക്കാരെ ക്ഷേത്രം നേരിട്ട് നിയമിച്ചതല്ല. പത്ത് രൂപ വീതം ആളുകളില്‍ നിന്നും തൊഴിലാളികള്‍ വാങ്ങുന്നുണ്ടെന്ന് തെളിഞ്ഞു. മൂന്ന് തവണ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികള്‍ പണം വാങ്ങുന്നത് തുടര്‍ന്നു. അതുകൊണ്ടാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ക്ഷേത്രം ഭരണസമിതി പറഞ്ഞു.

അതേസമയം തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തീര്‍ത്ഥാടകര്‍ സ്വമേധയാ പണം തരുന്നതാണെന്നുമാണ് ജീവനക്കാരുടെ വാദം. ഇതിനെ എങ്ങനെ കൈക്കൂലിയായി കണക്കാക്കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.

Top