വ്യവസായം എന്ന നിലയില്‍ വലിപ്പത്തില്‍ ഹോളിവുഡിനോട് മുട്ടാന്‍ ലോകത്ത് മറ്റൊരു ഭാഷാ ചലച്ചിത്ര വ്യവസായവുമില്ല. ചിത്രങ്ങള്‍ വിജയിച്ചാല്‍ ലഭിക്കുന്ന ലാഭം കണക്കില്ലാത്തതാണെന്നതിനാല്‍ത്തന്നെ പണം മുടക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് മടിയുമില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം യുഎസ് ബോക്സ് ഓഫീസ് ചരിത്രം രചിക്കുകയാണ്. ഒരേ ദിവസം തിയറ്ററുകളിലെത്തിയ വ്യത്യസ്ത ജോണറുകളിലുള്ള രണ്ട് ചിത്രങ്ങള്‍ ലോകമെമ്പാടും സിനിമാപ്രേമികളെ തിയറ്ററുകളിലേക്ക് കൂട്ടമായി എത്തിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രം ഓപ്പണ്‍ഹെയ്മറും ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബിയുമാണ് ആ ചിത്രങ്ങള്‍.
ഇന്ത്യന്‍ കളക്ഷനില്‍ ബാര്‍ബിയേക്കാള്‍ മുന്നില്‍ ഓപ്പണ്‍ഹെയ്‍മര്‍ ആണെങ്കില്‍ ആഗോള ബോക്സ് ഓഫീസിലെ സ്ഥിതി അതല്ല, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളിൽ. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വെള്ളി, ശനി ദിവസങ്ങളിലെ യുഎസ് ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനുകള്‍ പുറത്തെത്തിയിരിക്കുകയാണ്. വെറൈറ്റിയുടെ കണക്ക് പ്രകാരം യുഎസ് ബോക്സ് ഓഫീസില്‍ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ബാര്‍ബി നേടിയിരിക്കുന്നത് 155 മില്യണ്‍ ഡോളര്‍ ആണ്. അതായത് 1270.8 കോടി ഇന്ത്യന്‍ രൂപ! അതിന്റെ പകുതിയോളമാണ് ഓപ്പണ്‍ഹെയ്മര്‍ നേടിയിട്ടുള്ളത്. 80 മില്യണ്‍ ഡോളര്‍ (656 കോടി രൂപ). ഇരുചിത്രങ്ങളും ചേര്‍ന്ന് രണ്ട് ദിവസം കൊണ്ട് യുഎസ് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം കൊയ്തിരിക്കുന്നത് 1927 കോടി രൂപയാണ്!
യുഎസ് ബോക്സ് ഓഫീസിലെ എക്കാലത്തെയും വാരാന്ത്യ കളക്ഷനുകളുടെ ലിസ്റ്റിലേക്ക് ഇടംപിടിക്കുന്ന കണക്കാണ് ഇത്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ വാരാന്ത്യ കളക്ഷനാണ് ഇത്. എക്കാലത്തെയും നാലാമത്തേതും. വലിയ വിജയം നേടിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസികളിലെ ചിത്രങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെന്നത് ശ്രദ്ധേയമാണ്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിം, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് എവേക്കന്‍സ് എന്നീ ചിത്രങ്ങളാണ് യുഎസ് ബോക്സ് ഓഫീസില്‍ എക്കാലത്തെയും വലിയ വാരാന്ത്യ കളക്ഷന്‍ ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.