ആഗോള കളക്ഷനില്‍ ‘ഓപ്പണ്‍ഹെയ്‍മറി’നെ കടത്തി വെട്ടി ‘ബാര്‍ബി’

ലോകത്ത് തിയറ്റര്‍ വ്യവസായം ഉള്ളിടങ്ങളിലെല്ലാം എത്തുന്ന ചിത്രങ്ങളാണ് ഹോളിവുഡ് ചിത്രങ്ങള്‍. എന്നാല്‍ ഇറങ്ങുന്ന എല്ലാ ഹോളിവുഡ് ചിത്രങ്ങളും കാര്യമായ ആഗോളശ്രദ്ധ നേടാറില്ല. എന്നാല്‍ അത്തരത്തില്‍ രണ്ട് ചിത്രങ്ങള്‍ ഒരേ വാരാന്ത്യത്തില്‍ തന്നെ തിയറ്ററുകളില്‍ എത്തിയാലോ? അത്തരത്തിലുള്ള വമ്പന്‍ ബോക്സ് ഓഫീസ് സാധ്യതകളിലേക്കാണ് ഈ വാരാന്ത്യത്തില്‍ ലോകമെമ്പാടും രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രം ഓപ്പണ്‍ഹെയ്മറും ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ബാര്‍ബിയും. മികച്ച പ്രേക്ഷകപ്രതികരണം നേടുന്ന രണ്ട് ചിത്രങ്ങളുടെയും ഇനിഷ്യല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തി തുടങ്ങിയിരിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യത്യസ്ത ജോണറുകളിലുള്ള രണ്ട് ചിത്രങ്ങള്‍ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തിക്കുന്നു എന്നതാണ് കൌതുകം. എന്നാല്‍ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ബാര്‍ബിയാണ് ഓപ്പണ്‍ഹെയ്മറേക്കാള്‍ ബഹുദൂരം മുന്നില്‍. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചു.

51 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച മാത്രം ബാര്‍ബി നേടിയിരിക്കുന്നത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി) ആണ്. അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്യപ്പെട്ടെങ്കിലും ബാര്‍ബി നേടിയതിന്റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹെയ്മര്‍ക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും വന്‍ ഓപണിംഗ് തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം ചിത്രം നേടിയിരിക്കുന്നത് 15.7 മില്യണ്‍ ഡോളര്‍ (129 കോടി രൂപ) ആണ്. ഡെഡ്‍ലൈനിന്റെ കണക്കാണ് ഇത്. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലൂടെ കണക്കുകള്‍ കൂട് ചേര്‍ത്ത് ആദ്യ വാരാന്ത്യത്തില്‍ ഇരു ചിത്രങ്ങളും വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

Top