ബാഴ്‌സലോണ: സെര്‍ജിയോ റാമോസിന്റെ പിഴവില്‍ ജയം പിടിച്ച് ബാഴ്‌സലോണ. 76ാം മിനിറ്റിലാണ് റാമോസിന്റെ സെല്‍ഫ് ഗോള്‍ പിറന്നത്. 13ാം മിനിറ്റിലാണ് ബാഴ്‌സലോണക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ജാവോ ഫെലിക്‌സിന്റെ ഷോട്ട് സെവിയ്യ ഗോള്‍കീപ്പര്‍ നൈലാന്‍ഡ് തട്ടിയകറ്റി. നാല് മിനിറ്റിനകം സെവിയ്യക്കും മികച്ച അവസരം ലഭിച്ചെങ്കിലും ഇവാന്‍ റാക്കിടിച്ചിന്റെ ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ബാഴ്‌സ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.
39ാം മിനിറ്റിലും ബാഴ്‌സക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും നൈലാന്‍ഡിനെ മറികടക്കാനായില്ല. 55ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിക്ക് കിട്ടിയ അവസരവും മുതലാക്കാനായില്ല. 73ാം മിനിറ്റില്‍ റാക്കിടിച്ചിന്റെ ഹെഡര്‍ ബാഴ്‌സ ഗോള്‍മുഖത്ത് ഭീതി വിതച്ചെങ്കിലും പോസ്റ്റിനോട് ചാരി പുറത്തേക്ക് പോയി. വൈകാതെ റാമോസിന്റെ ഓണ്‍ഗോളെത്തി. ലാമിന്‍ യമാലിന്റെ ഹെഡര്‍ ക്ലിയര്‍ ചെയ്യുന്നതിനിടെ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ 20 പോയന്റോടെ ബാഴ്‌സ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളില്‍ 19 പോയന്റുമായി ഗിറോണയും 18 പോയന്റുമായി റയല്‍ മാഡ്രിഡും പിന്നിലുണ്ട്.