ബാഴ്‌സലോണ: ഈയിടെ വിരമിച്ച ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി ബാഴ്‌സലോണ. അഗ്യൂറോയുടെ വിരമിക്കല്‍ ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
ഈ സീസണിലാണ് അഗ്യൂറോ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയത്. എന്നാല്‍ പരിക്കിനേത്തുടര്‍ന്ന് താരത്തിന് അധികം മത്സരങ്ങളില്‍ ഇറങ്ങാനായില്ല. അഞ്ചുമത്സരങ്ങളില്‍ മാത്രം കളിച്ച അഗ്യൂറോ ഗ്രൗണ്ടില്‍ 165 മിനിറ്റ് മാത്രമാണ് ചെലവഴിച്ചത്.
അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അഗ്യൂറോയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടര്‍ന്ന് അഗ്യൂറോ ഫുട്‌ബോള്‍ മതിയാക്കി. ഇതോടെ ബാഴ്‌സയ്ക്ക് പ്രധാന മുന്നേറ്റക്കാരിലൊരാളെ നഷ്ടമായി.
ആ നഷ്ടം നികത്താനായി പുതിയ താരത്തെ കണ്ടെത്താന്‍ ബാഴ്‌സ വലവിരിച്ചുതുടങ്ങി. ഗോള്‍ ഡോട്ട് കോം പുറത്തുവിട്ട് വാര്‍ത്ത പ്രകാരം അലെക്‌സി സാഞ്ചെസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്‌സ തുടങ്ങിക്കഴിഞ്ഞു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാകും താരം ടീമിലെത്തുക. നിലവില്‍ ഇന്റര്‍ മിലാന്റെ താരമാണ് സാഞ്ചസ്.
2011 മുതല്‍ 2014 വരെ ബാഴ്‌സയ്ക്ക് വേണ്ടി കളിച്ച സാഞ്ചസ് 141 മത്സരങ്ങളില്‍ നിന്ന് 46 ഗോളുകളും 27 അസിസ്റ്റുകളും നേടി. ഇന്ററുമായി താരക്കൈമാറ്റമായിരിക്കും ബാഴ്‌സ നടത്തുക. സാഞ്ചെസിനെ ടീമിലെത്തിക്കുമ്പോള്‍ ബാഴ്‌സ ലൂക്ക് ഡി യോങ്ങിനെ തിരിച്ച് ഇന്ററിന് നല്‍കും.
ബാഴ്‌സലോണയില്‍ നിന്ന് ആഴ്‌സനലിലേക്ക് ചേക്കേറിയ സാഞ്ചസ് പിന്നീട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും കളിച്ചു. യുണൈറ്റഡില്‍ നിന്നാണ് സാഞ്ചസ് ഇന്ററിലെത്തിയത്.