നൂകാമ്പ്: ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് വമ്പന്‍ ജയം. ലെഗനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. തോല്‍വിയറിയാത്ത ബാഴ്‌സയുടെ 38ാം മത്സരമാണിത്. 1979-80 സീസണിലെ റയല്‍ സോസിദാദിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ബാഴ്‌സ.
ആദ്യപകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ വിജയഗോളുമെത്തി. 68ാം മിനിട്ടില്‍ എല്‍ സാറിലൂടെ ലെഗനെസ് ഒരു ഗോള്‍ മടക്കിയെങ്കിലും ബാഴ്‌സയെ വെല്ലുവിളിക്കാനായില്ല. വിജയത്തോടെ ബാഴ്‌സ കിരീടത്തോടടുത്തു.
30 വാര അകലെ നിന്നെടുത്ത ഫ്രീകിക്കിലൂടെയായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. മെസ്സിയുടെ ബാഴ്‌സ കരിയറിലെ നാല്‍പ്പതാം ഹാട്രിക്കാണിത്. ലാലിഗയിലെ 29ാം ഹാട്രിക്കും. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് ബാഴ്‌സയേക്കാള്‍ 12 പോയിന്റ് പിന്നിലാണ്. വലന്‍സിയക്കെതിരായ അടുത്ത മത്സരത്തിലും ജയിച്ചാല്‍ അപരാജിത റെക്കോര്‍ഡില്‍ സോസിദാദിനെ മറികടക്കാനാകും ബാഴ്‌സക്ക്.