ബാഴ്‌സ: ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ താരം നെയ്മറിനെതിരെ കേസ്.
കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് വമ്പന്‍ തുക നഷ്ടപരിഹാരം തേടി ബാഴ്‌സയാണ് നെയ്മറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
100 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. പിഎസ്ജിയിലേക്ക് മാറുന്നതിന് ഒമ്പതു മാസം മുമ്പ് ബാഴ്‌സയുമായി നെയ്മര്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ബോണസും പലിശയുമാണ് തിരിച്ചുതരണമെന്ന് ക്ലബ്ബ് ആവശ്യപ്പെടുന്നത്.
നേരത്തെ ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനിലും പരാതി നല്‍കിയിരുന്നു. 2021 വരെയാണ് നെയ്മറിന്റെ കരാര്‍ കാലാവധി ഉണ്ടായിരുന്നത്. ഈ കരാര്‍ ലംഘിച്ചുകൊണ്ടാണ് നെയ്മര്‍ കൂടുമാറിയതെന്ന് ബാഴ്‌സ പറഞ്ഞു.
ബാഴ്‌സയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നെയ്മറിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.
222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് ഈ മാസം ബാഴ്‌സലോണയില്‍നിന്ന് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്.
ഇതേസമയം, അപ്രതീക്ഷിതമായി തങ്ങളെ തേടിയെത്തിയ ഈ വാര്‍ത്ത ഗൗരവതരമാണെന്ന് നെയ്മറിന്റെ പ്രതിനിധി പ്രതികരിച്ചു. ക്ലബ്ബില്‍ നിന്നു വിട്ടുനല്‍കാന്‍ ആവശ്യമായ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പിഎസ്ജിയിലേക്ക് പോയതെന്നും പ്രതിനിധി വ്യക്തമാക്കി.
ക്ലബ്ബ് വിട്ടതിന് ശേഷം ബാഴ്‌സ ഉന്നയിക്കുന്ന ഇത്തരം അവകാശവാദങ്ങളെ നിയമപരമായി ചെറുക്കുമെന്നും നെയ്മറിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞദിവസം നെയ്മര്‍ ബാഴ്‌സലോണയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബാഴ്‌സയുടെ തലപ്പത്തിരിക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരല്ലെന്നായിരുന്നു നെയ്മറുടെ പരാമര്‍ശം.
ബാഴ്‌സ ഇതിലും മികച്ചവരെ അര്‍ഹിക്കുന്നുണ്ടെന്നും ലോകത്തിന് ഇക്കാര്യങ്ങളൊക്കെ അറിയാമെന്നും നെയ്മര്‍ പറഞ്ഞിരുന്നു.