മാഡ്രിഡ്: ബാഴ്‌സലോണ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തു.
ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഐഎസ് വ്യക്തമാക്കി. ഐഎസിന്റെ പ്രചാരണ വിഭാഗമായ അമാഖാണ് ഇക്കാര്യം അറിയിച്ചത്. ടെലിഗ്രാം മെസഞ്ചറിലാണ് അമാഖ് അവകാശവാദം ഉന്നയിച്ചത്.
ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണം നടത്തിയ വാന്‍ വാടകയ്ക്ക് എടുത്ത മൊറോക്കന്‍ പൗരന്‍ ദ്രിസ് ഔകബിര്‍ (28) ഉള്‍പ്പെടെ രണ്ടുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടാമനെ സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപെട്ട പ്രതികളിലൊരാളെ പോലീസ് വധിക്കുകയും ചെയ്തു. വെള്ള ഫോര്‍ഡ് ഫോക്കസ് കാറില്‍ കടന്നുകളഞ്ഞയാളെയാണ് വധിച്ചത്. ബാഴ്‌സലോണയ്ക്കു സമീപം സാന്റ് ജസ്റ്റ് ഡെസ്വേര്‍ണിലായിരുന്നു സംഭവം.
ബാഴ്‌സലോണ നഗരത്തില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ലാസ് റാംബ്ലാസ് തെരുവില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം.