ബാഴ്സലോണ: മെസിയില്ലാ യുഗം ജയത്തോടെ തുടങ്ങി സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണ. ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്സയ്ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോള്‍ നേടി.
സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്സലോണ നേടിയത്. 19-ാം മിനുറ്റില്‍ ജെറാഡ് പിക്വേ ഹെഡറിലൂടെ ബാഴ്സയുടെ അക്കൗണ്ട് തുറന്നു. പിന്നാലെ 45+2, 59 മിനുറ്റുകളില്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോളുമായി മൂന്ന് ഗോള്‍ ലീഡ് സമ്മാനിച്ചു. കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ശേഷിക്കേ ഇഞ്ചുറിടൈമില്‍ സെര്‍ജിയോ റോബര്‍ട്ടോ(90+1) ബാഴ്സയുടെ പട്ടിക പൂര്‍ത്തിയാക്കി. അതേസമയം 82, 85 മിനുറ്റുകളിലായിരുന്നു സോഡിഡാഡിന്റെ മറുപടി ഗോളുകള്‍.