ബാഴ്സലോണ: തങ്ങളുടെ മുന്‍ താരമായിരുന്ന ബ്രസീലിന്റെ ഡാനി ആല്‍വസിനെ തിരികെ ക്ലബ്ബിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. സാവി ഹെര്‍ണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ആദ്യമായി ടീമിലെത്തിക്കുന്ന താരമാണ് ആല്‍വസ്. ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയില്‍ നിന്നാണ് താരത്തിന്റെ വരവ്.
സ്വതന്ത്ര ഏജന്റായാണ് 38-കാരനായ ആല്‍വസ് ബാഴ്‌സയിലേക്ക് തിരികെയെത്തിയിരിക്കുന്നത്. 2023 വരെ നീട്ടാവുന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് ആല്‍വസുമായുള്ള കരാര്‍. ബ്രസീല്‍ ക്ലബ്ബുമായുള്ള ആല്‍വസിന്റെ കരാര്‍ സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു.
ഇതിനു പിന്നാലെ താരത്തിന് മറ്റൊരു ക്ലബ്ബുമായും കരാറിലേര്‍പ്പെടാനായിരുന്നില്ല. മുന്‍പ് സെവിയ്യയില്‍ നിന്ന് 2008-ലാണ് ആല്‍വസ് ആദ്യമായി ബാഴ്‌സയിലെത്തുന്നത്. ക്ലബ്ബിനൊപ്പം 23 കിരീടങ്ങള്‍ നേടിയ താരം 2016-ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെത്തിയ താരം 2019-ല്‍ ബ്രസീല്‍ ക്ലബ്ബ് സാവോ പോളോയിലേക്ക് പോയി.