കാറ്റലോണിയ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാഴ്‌സലോണയ്ക്ക് കഷ്ടകാലം തുടരുന്നു. അവസാന മത്സരത്തില്‍ വിയ്യാറയലിനോടും സാവിയുടെ സംഘം പരാജയപ്പെട്ടു. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിയ്യാറയലിന്റെ വിജയം. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇഞ്ചുറി ടൈമില്‍ 99-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ സോര്‍ലോത്തും 102-ാം മിനിറ്റില്‍ ജോസ് ലൂയിസ് മൊറേല്‍സും വിയ്യാറയലിനായി വല ചലിപ്പിച്ചു. ഇതോടെ മൂന്നിനെതിരെ അഞ്ച് ഗോളിന് വിയ്യാറയല്‍ മുന്നിലായി. പിന്നാലെ ലോങ് വിസില്‍ മുഴങ്ങിയതോടെ മത്സരവും വിയ്യാറയല്‍ സ്വന്തമാക്കി.61-ാം മിനിറ്റില്‍ പെഡ്രിയുടെ ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചു. 71-ാം മിനിറ്റിലെ എറിക് ബെയ്‌ലിയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയെ മത്സരത്തില്‍ മുന്നിലെത്തിച്ചു. എന്നാല്‍ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നിന്ന് ബാഴ്‌സ മത്സരം കൈവിട്ടു. 84-ാം മിനിറ്റിലെ ഗോണ്‍സാലോ ഗേഡസിന്റെ ഗോള്‍ മത്സരം സമനിലയിലാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമെ പിറന്നുള്ളൂ. ജെറാര്‍ഡ് മൊറീനോയുടെ ഗോളില്‍ വിയ്യാറയല്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഗോള്‍ മഴ പിറന്നതോടെ മത്സരം ആവേശകരമായി മാറി. ഇലിയാസ് അഖോമാച്ച് വിയ്യാറയലിനെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ഇല്‍കായ് ഗുണ്ടോഗനിലൂടെ ബാഴ്‌സലോണ ആദ്യ ഗോള്‍ നേടി.