barcelona’s neymer faces call for a two year prison

neymer

മാഡ്രിഡ്: ട്രാന്‍സ്ഫര്‍ ഫീസില്‍ നികുതി വെട്ടിച്ചെന്ന കേസില്‍ ബാഴ്‌സലോണ താരം നെയ്മര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍.

കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ താരത്തില്‍ നിന്നും 10 മില്യണ്‍ യൂറോ(72.95 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കണമെന്നും ആവശ്യമുണ്ട്.

2013ല്‍ ബ്രസീലിയന്‍ ക്ലബ് ആയ സാന്റോസില്‍ നിന്നും ബാഴ്‌സലോണയ്ക്ക് ചേക്കറിയപ്പോള്‍ നെയ്മര്‍ ട്രാന്‍സ്ഫര്‍ ഫീസില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.

നെയ്മറുടെ ട്രാന്‍സ്ഫര്‍ കാലയളവില്‍ ബാഴ്‌സയുടെ പ്രസിഡണ്ട് ആയിരുന്ന സാന്‍ഡ്രോ റോസലിനെ അഞ്ചുകൊല്ലം ശിക്ഷിക്കണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ട്രാന്‍സ്ഫര്‍ വിവാദത്തെ തുടര്‍ന്ന് 2014ല്‍ റോസല്‍ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് ഒഴിഞ്ഞിരുന്നു. ഇതേസമയം നിലവിലെ ക്ലബ് പ്രസിഡണ്ട് ജോസഫ് മരിയ ബര്‍ട്ടോമിയെ കേസില്‍ കുറ്റവിമുക്തനാക്കി.

സാന്റോസ് വിടുന്ന സമയത്ത് നെയ്മറുടെ സ്‌പോര്‍ടിങ് റൈറ്റ്‌സിന്റെ 40 ശതമാനവും കയ്യടക്കി വെച്ചിരുന്ന ബ്രസീലിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഡിഐഎസ്സിന്റെ പരാതിയിലാണ് നെയ്മര്‍ക്കെതിരെ കേസെടുത്തിരുന്നത്.

നെയ്മര്‍ക്കും രക്ഷിതാക്കള്‍ക്കും അഞ്ച് വര്‍ഷം തടവും റോസലിനും ബര്‍ട്ടോമിയ്ക്കും എട്ട് വര്‍ഷം തടവും ബാഴ്‌സയില്‍ നിന്നും 195 മില്യണ്‍ യൂറോ പിഴയും ഈടാക്കണമെന്നാണ് ഡിഐഎസ്സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

രണ്ട് വര്‍ഷം തടവുശിക്ഷ ലഭിച്ചാലും സ്പാനിഷ് നിയമത്തിലെ ഇളവ് കാരണം നെയ്മര്‍ക്ക് ജയിലില്‍ പോകേണ്ടി വരില്ലെന്നാണ് സൂചന.

സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ടതില്ല.

57.1 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ക്ലബിലെത്തിച്ചതെന്ന് ബാഴ്‌സ പറയുന്നു. 17.1 മില്യണ്‍ യൂറോ സാന്റോസിനും ബാക്കി 40 മില്യണ്‍ യൂറോ നെയ്മറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയ്ക്കും നല്‍കി.

സാന്റോസിന് ലഭിച്ച തുകയുടെ 40 ശതമാനമായ 6.8 മില്യണ്‍ യൂറോ ആണ് ഡിഐഎസ്സിന് ലഭിച്ചത്.
എന്നാല്‍ യഥാര്‍ത്ഥ ട്രാന്‍സ്ഫര്‍ ഫീസ് 83.3 മില്യണ്‍ യൂറോ ആയിരുന്നുവെന്നാണ് സ്പാനിഷ് അധികൃതരുടെ നിഗമനം.

നെയ്മറുടെ ട്രാന്‍സ്ഫര്‍ ഫീസില്‍ തങ്ങള്‍ക്ക് അര്‍ഹമായ തുക നല്‍കാതെ തങ്ങളെ വഞ്ചിച്ചെന്നാണ് ഡിഐഎസ്സിന്റെ പരാതി.

Top