ബാഴ്‌സലോണ: ലാ ലിഗയുടെ പുതിയ സീസണില്‍ തിരിച്ചടി നേരിട്ട് ബഴ്‌സലോണ. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഗ്രനാഡ കറ്റാലന്‍ ഭീമന്‍മാരായ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അട്ടിമറിച്ചത്. ഇതോടെ ഗ്രനാഡ 10 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയിന്റ് മാത്രമുള്ള ബാഴ്‌സലോണ ഏഴാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ലാ ലിഗയുടെ ചാമ്പ്യന്‍മാര്‍ക്കുണ്ടായ ഏറ്റവും മോശം തുടക്കമാണിത്.
ഗ്രനാഡയ്ക്കു വേണ്ടി മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ റമോണ്‍ അസീസിന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ ബാഴ്‌സയുടെ വലയില്‍ പതിച്ചു. തിരിച്ചടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ബാഴ്‌സ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കളത്തിലിറക്കിയെങ്ങലും കാര്യങ്ങള്‍ അനുകൂലമായില്ല.
ബാഴ്‌സയുടെ കൗമാരതാരം ഫാറ്റിയേയും ഏര്‍ണസ്റ്റോ വല്‍വെര്‍ദെ കളത്തിലിറക്കിയെങ്കിലും ഒരു ഗോള്‍ പോലും പിറന്നില്ല. മത്സരത്തിലുടനീളം ഗ്രനാഡ ബാഴ്‌സയെ ശക്തമായി ചെറുത്തു നിന്നു. ബോക്‌സില്‍ അര്‍തുറോ വിദാല്‍ പന്ത് കൈകൊണ്ട് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. 66ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വാദിലോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കളിയില്‍ 74 ശതമാനവും പന്ത് ബാഴ്‌സയുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും മത്സരം ഗ്രനാഡയുടെ പിടിയിലൊതുങ്ങി.