യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിൽ ഇന്ന് ബാഴ്‌സലോണ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം

ബാഴ്‌സലോണ: യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വമ്പൻ പോരാട്ടത്തിൽ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. രാത്രി 11.15ന് ബാഴ്‌സലോണയുടെ തട്ടകത്തിലാണ് മത്സരം. തിരിച്ചടികളിൽ നിന്ന് കരകയറി വരുന്ന രണ്ട് സംഘങ്ങളാണ് സാവിയുടെ ബാഴ്‌സലോണയും എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ലീഗിൽ തുടര്‍വിജയങ്ങളുമായി മുന്നേറുന്ന ഈ ടീമുകൾക്ക് ഇനി വേണ്ടത് ഒരു വമ്പൻ കിരീടം. അതിലേക്കുള്ള ആദ്യ പ്രധാന കടമ്പയാണ് ഈ പോരാട്ടം.

ബാഴ്‌സലോണയുടെ സമീപകാല ദുരന്തങ്ങൾക്കെല്ലാം കാരണം പ്രതിരോധത്തിലെ പാളിച്ചയായിരുന്നു. അരാഹോ-യൂൾസ്-കൂണ്ടെ കൂട്ടുകെട്ട് മിന്നിച്ചതും ഗോൾ കീപ്പര്‍ സ്റ്റേഗൻ ഫോമിലേക്ക് മടങ്ങിയെത്തിയതും ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. മധ്യനിരയിലെ പെട്രി-ഗാവി-ഡിയോഗ് കൂട്ടുകെട്ടിന്റെ ചോരത്തിളപ്പും കുതിപ്പിന് കാരണം. ഗോളടിച്ച് കൂട്ടാൻ ലെവൻഡോവ്സ്‌കിയും കൂട്ടിന് റഫീഞ്ഞയും ഡെംബേലയും അൻസുഫാറ്റിയും ഉള്ളപ്പോൾ യുണൈറ്റ‍ഡിന് പിടിപ്പത് പണിയാവും.

റൊണാൾഡോ പോയതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മാര്‍ക്കസ് റാഷ്ഫോര്‍ഡിലാണ് യുണൈറ്റഡിലാണ് പ്രതീക്ഷ. എന്നാൽ പരിക്കും സസ്പെൻഷനുമാണ് ഇന്നത്തെ പ്രശ്‌നം. ക്രിസ്റ്റ്യൻ എറിക്സണും ഡോണി വാൻ ബീക്കും പരിക്ക് മൂലം ദീര്‍ഘനാളത്തേക്ക് പുറത്താണ്. ആന്റണി മാര്‍ഷ്യൽ, സ്കോട് മക്ടോമിനി എന്നിവരും ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. സസ്പെൻഷൻ മൂലം പ്രതിരോധത്തിന്റെ കരുത്തായ ലിസാൻഡ്രോ മാര്‍ട്ടിനസും മധ്യനിര താരം മാര്‍സൽ സബിറ്റ്സറും കളിക്കില്ല. ഇനി എല്ലാ പ്രതീക്ഷയും ടെൻ ഹാഗിന്റെ തന്ത്രങ്ങളിലാണ്.

എല്ലാ ടൂര്‍ണമെന്റുകളിലുമായി 13 മത്സരങ്ങളിലാണ് ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇതുവരെ മുഖാമുഖം വന്നത്. ബാഴ്‌സലോണ ആറും യുണൈറ്റഡ‍് മൂന്നും മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരി‌ഞ്ഞു.

Top