തിരുവനന്തപുരം: ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഘടകകക്ഷികള്‍ നേട്ടം കൊയ്യും.
യുഡിഎഫില്‍ മുസ്ലീംലീഗും ഇടതുമുന്നണിയില്‍ സിപിഐയും ഈ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
140 അംഗ നിയമസഭയിലേക്ക് മുസ്ലീംലീഗ് 24 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇതില്‍ ലീഗ് ഇരുപതിലധികം സീറ്റും സിപിഐ പതിനെട്ടോളം സീറ്റുകളും നേടുമെന്നാണ് വിലയിരുത്തല്‍.
യുഡിഎഫിലെ തന്നെ രണ്ടാമത്തെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന 15 സീറ്റുകളില്‍ 10 സീറ്റെങ്കിലും നേടുമെന്നാണ് കണക്ക്കൂട്ടല്‍. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം പിളര്‍ന്നു പോയത് തിരിച്ചടിച്ചില്ലെങ്കില്‍ ഈ കണക്ക് യാഥാര്‍ത്ഥ്യമാകാനാണ് സാധ്യത.
ഫലത്തില്‍ ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഘടകകക്ഷികളുടെ വിലപേശലിന്റെ കരുത്ത് കൂടുമെന്നുറപ്പാണ്.
ഏതാനും സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് അധികാരത്തില്‍ വരുന്ന കക്ഷിക്ക് ലഭിക്കുന്നതെങ്കില്‍ ഒന്നും രണ്ടും സീറ്റുകള്‍ വാങ്ങി വിജയിക്കുന്ന ഘടകകക്ഷികളും കരുത്തന്മാരാകും.
ഭരണത്തുടര്‍ച്ച യുഡിഎഫിനും അട്ടിമറി വിജയം ഇടതുമുന്നണിക്കും നിര്‍ണ്ണായകമായതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഘടകകക്ഷികളുടെയും എംഎല്‍എമാരുടെയും ചുവട് മാറ്റത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഇരുമുന്നണികളെയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത് ബിജെപി മുന്നണിയുടെ സാന്നിധ്യമാണ്. ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയും തൂക്ക് മന്ത്രിസഭയുണ്ടാവുകയും ചെയ്യുന്ന അവസ്ഥ അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല.
അത്തരമൊരു സാഹചര്യം സംജാതമായാല്‍ ബിജെപി വെല്ലുവിളി മറികടക്കാന്‍ ഘടകകക്ഷികളുടെ ചുവട് മാറ്റം ഇരുപക്ഷവും പരസ്പര ‘ധാരണ’യില്‍ ആഗ്രഹിച്ചാലും അത്ഭുതപ്പെടാനില്ല.
ഈ ഫോട്ടോഫിനിഷ് മത്സരത്തില്‍ ഒറ്റയാനായി നിന്ന് എംഎല്‍എ ആയി ജയിച്ച് കയറുന്നവര്‍ക്ക് വിലപേശാന്‍ അവസരമൊരുക്കാതിരിക്കാനാണ് പൂഞ്ഞാറില്‍ പി സി ജോര്‍ജിനെ പിന്‍തുണക്കാതെ നിലപാട് കടുപ്പിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.