മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 15 മുതൽ 20 ഭാഷകളിലാകും പ്രദർശനത്തിനെത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ സിനിമ മൊഴിമാറ്റം ചെയ്തോ സബ്‌ടൈറ്റിൽ നൽകിയോ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എമ്പുരാൻ ഉൾപ്പടെയുള്ള സിനിമകൾ രണ്ടിലേറെ ഭാഷകളിലാകും നിർമ്മിക്കുക എന്നും സൂചനകളുണ്ട്.
കഴിഞ്ഞ മാസമാണ് ബറോസിന്റെ ചിത്രീകരണം പൂർത്തിയായത്. ബറോസിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഗ്രാവിറ്റി ഇല്യൂഷന്‍’ എന്ന സാങ്കേതിക വിദ്യയും ബറോസില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ലൊക്കേഷന്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും സിനിമ സമ്മാനിക്കുക എന്ന് ഉറപ്പ് നല്‍കുന്നതാണ് പുറത്തുവന്നിരുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍. ‘മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍’ എന്നാണ് ചില പ്രേക്ഷകര്‍ ബറോസിനെ വിശേഷിപ്പിക്കുന്നത്.