ഈ സീസണില്‍ ബാഴ്‌സലോണയുടെ ലക്ഷ്യം മൂന്ന് കിരീടങ്ങളെന്ന് പ്രസിഡന്റ് ജോസെപ് ബര്‍ട്ടോമ്യൂ. ലെവന്റെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ലാ ലീഗ കിരീടം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിരീടം സ്വന്തമാക്കിയ ബാഴ്‌സലോണ അടുത്ത ദിവസം ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ നേരിടും. ഇത് കൂടാതെ കോപ്പ ഡെല്‍ റേ ഫൈനലില്‍ ബാഴ്‌സലോണ വലന്‍സിയയെ നേരിടും.
ഓരോ സീസണിലെയും പ്രധാന ലക്ഷ്യം ലാ ലീഗയാണെന്നും ലാ ലീഗ കിരീടം ക്ലബില്‍ കാര്യങ്ങള്‍ നേര്‍വഴിക്കാണ് പോവുന്നത് എന്നതിന്റ സൂചനയാണെന്നും പ്രസിഡന്റ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗിലും കോപ്പ ഡെല്‍ റേയിലും എതിരാളികള്‍ ശക്തരാണെന്നും എന്നാല്‍ സീസണ്‍ മൂന്ന് കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും ബര്‍ട്ടോമ്യൂ പറഞ്ഞു. ഇന്നലെ വിജയ ഗോള്‍ നേടിയ മെസ്സിയെയും ബര്‍ട്ടോമ്യൂ പ്രശംസിച്ചു. പകരക്കാരനായി ഇറങ്ങിയത് മുതല്‍ മെസ്സി കളിയുടെ ഗതി മാറ്റിയെന്നും മെസ്സി ലോകം കണ്ട മികച്ച താരമാണെന്നും പ്രസിഡന്റ് പറഞ്ഞു.