ബാംഗളൂരു: ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയാവും. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത്. കേന്ദ്ര നിരീക്ഷകരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കിഷന്‍ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
ബാംഗളൂരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ തെരഞ്ഞെടുത്തത്. കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു. ഹൂബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത്. പകരം വരുന്നയാള്‍ പൊതുസമ്മതനാവണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുണ്ടായിരുന്നത്. അതേസമയം ലിംഗായത്ത് സമുദായവുമായി അടുത്ത ബന്ധമുള്ള ആളാവണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ബൊമ്മൈക്ക് നറുക്ക് വീണത്.
മുന്‍മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്. ഈ പേര് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയായിരുന്നു. മുഴുവന്‍ എംഎല്‍എമാരും തീരുമാനം അംഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂര്‍ത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്രനേതൃത്വത്തിനും പൂര്‍ത്തിയാക്കാനായി. നാളെ ഉച്ചയ്ക്ക് ബസവരാജ് ബൊമ്മയ് അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് വിവരം.