കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ പേരുടെ സഹായം ഉണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ടോം തോമസിന്റെ വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തു. ടോം തോമസിന്റെ വീട്ടില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. കൊലപാതക പരമ്പരയിലെ കൂടുതല്‍ തെളിവ് കണ്ടെത്താനാണ് പരിശോധന.
സയനൈഡ് മാത്രമല്ല മറ്റ് വിഷവസ്തുക്കളും കൊലപാതകത്തിനായി ഉപയോഗിച്ചെന്നാണ് ജോളി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ വിഷ വസ്തു എന്താണെന്ന് ജോളി വ്യക്തമാക്കിയില്ല. സഹായിച്ച ബന്ധുക്കള്‍ ആരൊക്കെയാണെന്ന് ഓര്‍മ്മിക്കാനാവുന്നില്ലെന്നാണ് ജോളി പറയുന്നത്. തുടര്‍ ചോദ്യം ചെയ്യലില്‍ ഇവ വ്യക്തമാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കൂടത്തായിലെ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് സയനൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയനൈഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്. പ്രജുകുമാറിന്റെ സ്വര്‍ണ്ണപണിശാലയില്‍ നിന്നും സയനൈഡ് കണ്ടെത്തിയിട്ടുമുണ്ട്. അറസ്റ്റ് ഇവരില്‍ മാത്രം അവസാനിക്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.
റോയിയുടെ പിതാവ് ടോം തോമസ്, റോയിയുടെ അമ്മ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ബന്ധു സിലി, സിലിയുടെ കുട്ടി അല്‍ഫിന്‍ എന്നിവരുടെ മരണകാരണങ്ങളെകുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ജോളി നല്‍കിയെന്നാണ് വിവരം.