സംവിധായകന്‍ ബേസില്‍ ജോസഫ് അച്ഛനായി. ആശുപത്രിയില്‍ നിന്ന് ഭാര്യ എലിസബത്ത് സാമുവലിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ബേസില്‍ സന്തോഷ വര്‍ത്തമാനം അറിയിച്ചത്. പെണ്‍കുഞ്ഞിന് ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ സന്തോഷത്തിന്‍റെ ഈ പൊതിക്കെട്ട് കടന്നുവന്നിരിക്കുന്ന വിവരം ആവേശപൂര്‍വ്വം അറിയിക്കുകയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! ഞങ്ങളുടെ ഹൃദയങ്ങള്‍ ഇതിനകം തന്നെ അവള്‍ മോഷ്ടിച്ചു കളഞ്ഞു. അവളോടുള്ള സ്നേഹത്താല്‍ മതിമറന്ന അവസ്ഥയിലാണ് ഞങ്ങള്‍. അവള്‍ വളര്‍ന്നു വരുന്നത് കാണാനും ഓരോദിനവും അവളില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍, ചിത്രത്തിനൊപ്പം ബേസില്‍ കുറിച്ചു.
View this post on Instagram
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017 ല്‍ ആയിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം സിഇടിയിലെ ക്യാമ്പസ് കാലത്ത് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തുകൊണ്ടാണ് ബേസില്‍ സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തില്‍ അസിസ്റ്റ് ചെയ്തുകൊണ്ടാണ് മുഖ്യധാരയിലേക്കുള്ള അരങ്ങേറ്റം.
2015 ല്‍ കുഞ്ഞിരാമായണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി അരങ്ങേറി. ഗോധ, മിന്നല്‍ മുരളി എന്നിവയാണ് സംവിധാനം ചെയ്ത മറ്റു രണ്ട് ചിത്രങ്ങള്‍. ഗോധ തിയറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയപ്പോള്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും ജനപ്രീതി നേടി. സമീപകാലത്ത് നടന്‍ എന്ന നിലയിലും വിജയത്തിളക്കത്തിലാണ് ബേസില്‍. ജാനെമന്‍, ജയ ജയ ജയ ജയ ഹേ, പാല്‍തു ജാന്‍വര്‍ തുടങ്ങിയ വിജയ ചിത്രങ്ങളില്‍ ബേസില്‍ ആയിരുന്നു നായകന്‍.