ന്യൂഡല്‍ഹി: പാപ നാശിനിയായ ഗംഗയില്‍ മുങ്ങി കുളിച്ചാല്‍ സ്വര്‍ഗത്തിലേക്ക് പോകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാല്‍ ഇന്ന് ഗംഗയില്‍ മുങ്ങി കുളിച്ചാല്‍ സ്വര്‍ഗത്തിനു പകരം വിവിധ രോഗങ്ങളാണ് അനുഗ്രഹമായി കിട്ടുക.
ഗംഗയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായ തോതിനേക്കാള്‍ 13 മടങ്ങ് അധികമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലത്തില്‍ 2,500 എംപിഎന്‍ എന്ന തോതിലാണ് കോളിഫോം ബാക്ടീരകളുടെ അനുവദനീയമായ തോത്.
മനുഷ്യ വിസര്‍ജ്ജ്യത്തിലൂടെയാണ് ഫീക്കല്‍ ബാക്ടീരിയ അഥവാ കോളിഫോം ബാക്ടീരയ ജലത്തിലേക്ക് എത്തുന്നത്. ബാക്ടീരിയയുടെ അളവ് ക്രമാതീതമായ ജലത്തില്‍ കുളിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
മലിനീകരണത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ പുണ്യസ്ഥലങ്ങളാണ്. തീര്‍ഥാടകരുടെ അളവ് വര്‍ധിക്കുന്നതോടെ മാലിന്യത്തിന്റെ അളവും വര്‍ധിക്കുന്നുവെന്ന് മലിനീകരണ നിയന്ത്ര ബോര്‍ഡ് വ്യക്തമാക്കുന്നു. മറ്റൊന്ന് ഗാര്‍ഹിക മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും നദികളിലേക്ക് തള്ളുന്നതും കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ ഇടയാകുന്നുവെന്നാണ് ബോര്‍ഡ് പറയുന്നത്. ഗംഗയുടെ 97 കേന്ദ്രങ്ങളില്‍ മാത്രമാണ് മാലിന്യജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനമുള്ളത്.
2018-ല്‍ ഉത്തര്‍ പ്രദേശില്‍ 16 പ്രദേശങ്ങളില്‍ നടന്ന പരിശോധനകളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 ശതമാനത്തോളം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുപോലെ ബീഹാറിലെ 88 പ്രദേശങ്ങളിലും മാലിന്യ തോത് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുപിയില്‍ കാണ്‍പൂര്‍, അലഹബാദ്, വാരാണസി, എന്നിവയാണ് ഏറ്റവും കൂടുതല്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍. കാണ്‍പൂരിലെ ജജ്മൗ പമ്പിങ്ങ് സ്റ്റേഷനില്‍ 2017-ലെ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 10-23 മടങ്ങ് വരെയായിരുന്നു. ഇത് വലിയ അത്ഭുതമല്ല കാരണം 2011-ല്‍ ഇവിടെ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലി ലിറ്ററില്‍ 4000-93,000 എംപിഎന്‍ ആയിരുന്നു.
വാരാണസിയിലെ മാളവ്യ അണക്കെട്ടിലും ബ്ക്ടീരിയയുടെ അളവ് 9-20 മടങ്ങോളം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, രാമരേഖഘട്ടില്‍ 2017-ല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 160,00,000 മുകളില്‍ കടന്നിരുന്നു.
ഗംഗ കടന്നു പോകുന്ന അഞ്ച് സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്,ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ജലത്തിലും കോളിഫോം ബാക്ടീരിയയുടെ അളവില്‍ വന്‍ വര്‍ധനവാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിലെ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിപ്പോര്‍ട്ട് താരതമ്യം ചെയ്തപ്പോള്‍ ബാക്ടീരിയയുടെ അളവ് ക്രമതീതമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് വിവരം.
2015-ല്‍ ഗംഗയുടെ ശുദ്ധീകരണത്തിനായി മെയ് മാസത്തില്‍ ആരംഭിച്ച കേന്ദ്ര പദ്ധതിയായ നമാമി ഗംഗയില്‍ 20,000 കോടിയാണ് വകയിരുത്തിയത്. ഇതില്‍ 19,630 കോടി രൂപ 192 പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 49 പദ്ധതികള്‍ മാത്രാണ് നിലവില്‍ പൂര്‍ത്തിയായത്. ഗംഗ ശുദ്ധീകരണ പദ്ധതി ഇപ്പോഴും അപൂര്‍ണ്ണമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡു നല്‍കിയ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുളളത്.