ന്യൂഡൽഹി : ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ പൊലീസ് ഇൻസ്പെക്ടറെ വധിച്ച കുറ്റവാളിയുടെ ശിക്ഷ കുറച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇൻസ്പെക്ടർ മോഹൻ ചന്ദ് ശർമയെ വധിച്ച ആരിസ് ഖാന്റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ കുറച്ചത്. 2008ലാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടലുണ്ടായത്.
അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നു വിലയിരുത്തിയാണ് 2021 മാർച്ചിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. തുടർന്ന് ആരിസ് ഖാൻ ജൂലൈയിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 സെപ്റ്റംബർ 19നാണ് ഇൻസ്പെക്ടർ ശർമ കൊല്ലപ്പെട്ടത്. ഡൽഹിയിൽ ബോംബ് സ്ഫോടനമുണ്ടായി ആറ് ദിവസത്തിനുശേഷമാണ് ജാമിയ നഗറിൽ ഏറ്റമുട്ടലുണ്ടായത്. സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടന്ന തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടർന്ന് രക്ഷപ്പെട്ട ഇയാളെ 2018 ഫെബ്രുവരി 14 നാണ് പിടികൂടിയത്.