വൈറസുകള്‍ ‘കുടികൊള്ളുന്ന’ വവ്വാല്‍ തന്നെ വില്ലന്‍; വുഹാനിലെ കൊറോണയില്‍ വിദഗ്ധര്‍

വുഹാനിലെ കൊറോണാ വൈറസിന്റെ ശ്രോതസ്സ് ഒരിനം പാമ്പാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ മറ്റൊരാളെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. പകര്‍ച്ചവ്യാധിയുടെ പ്രധാന ഉത്തരവാദി വവ്വാലുകള്‍ തന്നെയാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

‘വൈറസിന്റെ ജനിതക ഘടന പരിശോധിക്കുമ്പോള്‍ മുന്‍പ് അറിവുള്ള എല്ലാ കൊറോണാവൈറസുമായി സാമ്യം തിരിച്ചറിയാന്‍ കഴിയും, ഇതില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ വവ്വാലുകളുടേതാണ്’, ഇക്കോ ഹെല്‍ത്ത് അലയന്‍സ് പ്രസിഡന്റ് ഡോ. പീറ്റര്‍ ഡാസ്സാക് പറഞ്ഞു. വവ്വാലുകളാണ് വൈറസിനെ പുറത്തുവിട്ടതെന്നാണ് തങ്ങളുടെ പക്കലുള്ള വിവരങ്ങളും തെളിയിക്കുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ പ്രൊഫസര്‍ ഗുസെന്‍ വു പറഞ്ഞു.

ബയോളജിക്കല്‍ സൂപ്പര്‍ വില്ലനായാണ് വവ്വാലുകളെ കണ്ടുവരുന്നത്. അപകടകാരിയായ മാര്‍ബര്‍ഗ്, നിപ്പാ, ഹെന്‍ഡ്ര തുടങ്ങിയ വൈറസുകളുടെ വാസകേന്ദ്രമാണ് വവ്വാലുകള്‍. ഇവയില്‍ നിന്നാണ് ഈ രോഗങ്ങള്‍ മനുഷ്യരിലേക്ക് എത്തിയത്. എബോളാ വൈറസ്, റാബീസ്, സാര്‍സ്, മെര്‍സ് എന്നിവയും വവ്വാലുകളില്‍ സജീവമാണ്.

നിപ്പാ വൈറസിന്റെ പ്രഭവകേന്ദ്രം തേടിയപ്പോഴാണ് പഴങ്ങളില്‍ പറ്റിപ്പിച്ച വവ്വാലുകളുടെ മൂത്രവും, ഉമിനീരും ഇതിന് കാരണമായെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ പുറത്തുവരുന്ന വൈറസുകള്‍ ഇവയില്‍ നിന്ന് തന്നെയാണ് ഉത്ഭവിക്കുന്നതെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. സ്റ്റാത്തിസ് ഗിയോത്തിസ് സ്ഥിരീകരിക്കുന്നു.

Top