ടൈംഡ് ഔട്ട് വിവാദത്തില്‍ വിശദീകരണവുമായി ബാറ്റര്‍ ഏഞ്ചലോ മാത്യൂസ്

ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചവിഷയമായ ആദ്യ ടൈംഡ് ഔട്ട് വിവാദത്തില്‍ വിശദീകരണവുമായി പുറത്തായ ബാറ്റര്‍ ഏഞ്ചലോ മാത്യൂസ്. വീഡിയോ തെളിവ് പുറത്തുവിട്ടാണ് തന്റെ വിവാദപരമായ പുറത്താകലിനോട് മാത്യൂസിന്റെ പ്രതികരണം.സംഭവത്തില്‍ ഫോര്‍ത്ത് അംപയര്‍ക്ക് പിഴച്ചു, താന്‍ ഹെല്‍മെറ്റ് തിരികെ നല്‍കിയ ശേഷവും അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു രണ്ടു മിനിറ്റ് തികയാന്‍, ഫോര്‍ത്ത് അംപയര്‍ പരിശോധിച്ച് തിരുത്തുമോ. എന്റെ സുരക്ഷയായിരുന്നു പ്രധാനം, ഹെല്‍മെറ്റ് ഇല്ലാതെ ബൗളറെ എനിക്ക് നേരിടാന്‍ എനിക്ക് സാധിക്കില്ലായിരുന്നു.- എക്സ് ഹാന്‍ഡിലില്‍ മാത്യൂസ് കുറിച്ചു.

ടൈംഡ് ഔട്ടില്‍ പുറത്തായതിനു പിന്നാലെ നായകന്‍ ഷക്കിബുല്‍ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തിയിരുന്നു. ഹസനില്‍ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ടൈംഡ് ഔട്ട് രീതിയില്‍ പുറത്താകുന്ന താരമാണ് മാത്യൂസ്. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്റെ അപ്പീല്‍ അമ്പയര്‍ അംഗീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഷക്കിബുലിനോടടക്കം മാത്യൂസ് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഷക്കിബുല്‍ ഹസനില്‍നിന്നും ബംഗ്ലാദേശ് താരങ്ങളില്‍ നിന്നുമുണ്ടായത് മോശം അനുഭവമാണ്. അവര്‍ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇതുവരെ എനിക്ക് ശാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവന്‍ തന്നെ എല്ലാം ഇല്ലാതാക്കിയെന്നും മാത്യൂസ് പറഞ്ഞു.

 

Top