ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്

വാഷിംഗ്ടണ്‍: വിമാനത്തില്‍ ചില ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ തിരിച്ചുവിളിച്ച നടപടിയെ തുടര്‍ന്നാണിത്. വിമാനക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്ടോപ്പുകളാണ് കഴിഞ്ഞമാസം ആപ്പിള്‍ തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്നമുള്ളത്. പ്രശ്നമുള്ള 15 ഇഞ്ച് മാക്ബുക്ക് പ്രോയിലെ ബാറ്ററി സൗജന്യമായി മാറ്റി നല്‍കുമെന്നും ആപ്പിള്‍ അറിയിച്ചിരുന്നു.

നേരത്തെ, ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും ഇവ മൂലം പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ക്കും യാത്രാ വിമാനങ്ങളുടെ കാര്‍ഗോയില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ) നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചെക്കിന്‍ ബാഗുകളില്‍ ഇവ സൂക്ഷിക്കുന്നതു വിമാനത്തിനു തീപിടിക്കാന്‍വരെ ഇടയാക്കിയേക്കുമെന്നാണ് കണ്ടെത്തല്‍.

Top