വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ്; മുകേഷ് കുമാറിന് അരങ്ങേറ്റം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ട്രിനിഡാഡ്, ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് ഷാര്‍ദുല്‍ ഠാക്കൂറിനെ മാറ്റിനിര്‍ത്തി. മുകേഷ് കുമാര്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കും. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി കിര്‍ക്ക് മെക്കന്‍സി വിന്‍ഡീസ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ഷാനോന്‍ ഗബ്രിയേലും ടീമില്‍ തിരിച്ചെത്തി. റെയ്‌മേന്‍ റീഫര്‍, റഖീം കോണ്‍വാള്‍ എന്നിവരാണ് പുറത്തായത്.

ഇന്ത്യ: യഷസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്ഖട്, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, കിര്‍ക്ക് മക്കന്‍സി, ജെര്‌മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക് അതനാസെ, ജോഷ്വ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍, ഷാനോന്‍ ഗബ്രിയേല്‍.

രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റിലെ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്സ്വാളും തിളങ്ങിയതും വിരാട് കോലി ഫോമിലായതും ഇന്ത്യക്ക് ആശ്വാസമാണ്. ശുഭ്മാന്‍ ഗില്ലും അജിങ്ക്യാ രഹാനെയും നിരാശപ്പെടുത്തിയത് മാത്രമാണ് ഇന്ത്യക്ക് ആദ്യ ടെസ്റ്റിലെ നിരാശ. ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രഹാനെക്ക് ഈ ടെസ്റ്റില്‍ മികവ് കാട്ടേണ്ടതുണ്ട്. ഗില്ലിനാകട്ടെ ചേതേശ്വര്‍ പൂജാരയുടെ മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്.

Top