ഇതിഹാസ ഗോള്‍ കീപ്പര്‍ ഒലിവര്‍ കാന്‍ ബയേണ്‍ മ്യൂണിക്കിന്റെ സിഇഒ സ്ഥാനത്തേക്ക്. 2021ല്‍ കാന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2002 മുതല്‍ ക്ലബ്ബിന്റെ സിഇഒയായി പ്രവര്‍ത്തിക്കുന്ന കാള്‍ ഹെയിന്‍സ് റുമനിഗെ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് കാനിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. അടുത്ത രണ്ട് വര്‍ഷം കാള്‍ ഹെയിന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ശേഷമാകും ഒലിവര്‍ കാന്‍ സിഇഒ സ്ഥാനം ഏറ്റെടുക്കുക. കരിയറില്‍ 14 വര്‍ഷം ബയേണിനായി വല കാത്ത താരം ഇപ്പോള്‍ ക്ലബിനായി പല രാജ്യങ്ങളില്‍ ഗോള്‍ കീപ്പിങ് പരിശീലനം നടത്തുകയാണ്.
ബാവേറിയയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് കാനെന്നും അദ്ദേഹത്തിന് ക്ലബിനെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്നും കാള്‍ ഹെയിന്‍സ് പറഞ്ഞു. സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒലിവര്‍ കാനും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. തനിക്ക് വലിയൊരു വെല്ലുവിളിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാനിന്റെ സ്ഥാനം. ജര്‍മനി ദേശീയ ടീമിന്റേയും ബയേണ്‍ മ്യൂണിക്കിന്റേയും കോട്ട ദീര്‍ഘകാലം കാത്ത കാന്‍, ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഏക ഗോള്‍ കീപ്പര്‍ കൂടിയാണ്.