ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് സൂപ്പര്‍ താരം ഹാരി കെയ്‌നിനെ സ്വന്തമാക്കി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. 100 മില്യണ്‍ യൂറോ മുടക്കിയാണ് താരത്തെ ബയേണ്‍ റാഞ്ചിയത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം നായകന്‍ കൂടിയായ കെയ്ന്‍ ഉടന്‍ തന്നെ ജര്‍മനിയിലേക്ക് പറക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നാലുവര്‍ഷത്തെ കരാറിലാണ് ഇംഗ്ലീഷ് നായകന്‍ ബയേണിലെത്തുന്നത്. 30 കാരനായ കെയ്ന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി 317 മത്സരങ്ങളില്‍ നിന്നായി 213 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 84 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 58 ഗോളുകളും നേടി.
ടോട്ടനത്തിനായും ഇംഗ്ലണ്ടിനായും ഏറ്റുവുമധികം ഗോള്‍ നേടിയ താരമാണ് കെയ്ന്‍. അതോടൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. ക്ലബ്ബിനും രാജ്യത്തിനുമായി 350 ഗോളുകളിലധികം നേടിയ കെയ്ന്‍ ബയേണിലെത്തുന്നതോടെ ടീമിന്റെ ശക്തി വര്‍ധിക്കും. സാദിയോ മാനെ സൗദിയിലേക്ക് ചേക്കേറിയതോടെയാണ് കെയ്‌നിനെ ബയേണ്‍ നോട്ടമിട്ടത്.