ബിബിസി ഓഫീസ് പരിശോധന; ‘ഉദ്ദേശ്യശുദ്ധി സംശയകരം, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണക്കേട്’ പിണറായി

തിരുവനന്തപുരം : ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. നീക്കത്തെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും’ പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ദില്ലി, മുംബൈ ഓഫീസുകളിൽ ഇൻകംടാക്സ് വിഭാഗം പരിശോധനക്കെത്തിയത്. രാവിലെ 11:30 ന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ ഭാഷ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നതായാണ് വിവരം.

ബിബിസിയിലെ റെയ്ഡിനെ അപലപിച്ച് കോൺഗ്രസും എഡിറ്റേഴ്സ് ഗിൽഡും രംഗത്തെത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് പ്രതികരിച്ചു. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി ഇന്ത്യയിൽ സെൻസർ ചെയ്തതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴുള്ള റെയ്ഡ് പ്രതിപക്ഷത്തിൻറെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. അദാനി വിഷയത്തിൽ അന്വേഷണം നടത്താതെ ബിബിസിക്ക് പിന്നാലെ സർക്കാർ നീങ്ങുന്നതെന്തിനെന്ന് കോൺഗ്രസും സിപിഎമ്മും ചോദിക്കുന്നു.

അതിനിടെ, ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ ന്യായീകരിക്കുകയാണ് ബിജെപി. ബിബിസി അഴിമതി കോർപ്പറേഷനാണെന്നും സർക്കാർ ഏജൻസികളിപ്പോൾ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് റെയ്ഡിനെ കുറിച്ച് ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പ്രതികരിച്ചത്.

Top